Kerala
കാസർഗോഡ്: മീപ്പുഗിരി സ്വദേശികളായ അച്ഛനെയും മകളെയും വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരിയിലെ ഗണേശനും (55), പ്ലസ് ടു വിദ്യാർഥിനിയായ പതിനേഴുകാരിയായ മകളുമാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 11.10 ഓടെ ചെമ്മനാട്, കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വീടിനകത്ത് കിടപ്പുമുറിയിലായിരുന്നു ഇരുവരുടെയും മൃതദേഹം കണ്ടത്. ഒരേ ഹുക്കിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വിവരമറിഞ്ഞ് മേൽപ്പറമ്പ് പോലീസ് സ്ഥലത്തെത്തി നടപടി ആരംഭിച്ചു.
Kerala
എൻമകജെ: കാസർകോട് 162 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടി. കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. കാസർകോട് എൻമകജെ ഓർമ്പൊടി കണ്ടിഗെയിൽ അബ്ദുൾ അസീസ് ആണ് പിടിയിലായത്.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ബദിയടുക്ക എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 157 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.
അബ്ദുൽ അസീസിന്റെ പാന്റിസിന്റെ കീശയിൽനിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും പിടികൂടി. ഇയാളെ അറസ്റ്റ് ചെയ്തു. കെഎൽ 14 കെ 1338 ഐ 20 കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കർണാടകയിൽ നിന്നാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായിരുന്നു ഇത്.
Kerala
കാസർഗോഡ്: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പെരുമ്പാവൂർ വലിയകുളം യൂണിറ്റ് അംഗമായ മുഹമ്മദ് ഹുസൈനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
ലഹരി കേസ് പ്രതിയായ മുഹമ്മദ് ഹുസൈൻ വി.ഡി.സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. താൻ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഡിനേറ്റർ ആണെന്നാണ് പ്രതി സമൂഹമാധ്യമങ്ങളിൽ അവകാശപ്പെട്ടിരുന്നത്.
പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകനാണെന്നും ലഹരി വിമുക്ത പ്രവർത്തനങ്ങൾ നടത്തേണ്ടവർ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. എന്നാൽ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലോ സോഷ്യൽ മീഡിയ വിഭാഗത്തിലോ യാതൊരുവിധ ചുമതലകളും നൽകിയിട്ടില്ലെന്ന് മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി.
Kerala
കാസര്ഗോഡ്: കളക്ടറേറ്റ് സീനിയര് ക്ലര്ക്ക് ആശാലത ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാന് എഡിഎമ്മിനെ ചുമതലപ്പെടുത്തിയെന്ന് കളക്ടർ വ്യക്തമാക്കി. ഓഫീസിലെയടക്കം കാര്യങ്ങള് പരിശോധിച്ച ശേഷം കര്ശന നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രിയും വ്യക്തമാക്കി.
കഴിഞ്ഞ ഏഴിനാണ് ആശാലത വിഷം കഴിച്ചത്. തുടര്ന്ന് ഗുരുതരാവസ്ഥയില് ചികിത്സയിലിരിക്കെ ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടുപോയെന്ന് ആശുപത്രിയില് ചികിത്സയിലിരിക്കെ ആശാലത പോലീസിന് മൊഴി നൽകിയിരുന്നു. എന്ജിഒ യൂണിയന് ജില്ലാ കൗണ്സില് അംഗവും കളക്ടറേറ്റിലെ അക്ഷര ലൈബ്രറി ഭാരവാഹിയുമായിരുന്നു ആശാലത.
എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിലായിരുന്ന ആശാലതയെ രണ്ട് മാസം മുമ്പാണ് എന്ഡോസള്ഫാന് സെല്ലിലേക്ക് മാറ്റിയത്. സംഭവത്തിൽ വിദ്യാനഗർ പോലീസ് കേസെടുത്തിട്ടുണ്ട്. ജോലി സംബന്ധമായതൊ വ്യക്തിപരമോ ആയ പ്രശ്നങ്ങൾ ഉണ്ടായിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Kerala
കാസർഗോഡ്: ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. അപകട സമയത്ത് ഫാക്ടറിയിൽ ജീവനക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
കാസർഗോഡ്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. ഫാക്ടറിക്ക് അകത്തുകൂടിയാണ് രണ്ടു മീറ്റർ ആഴത്തിൽ ഗെയ്ൽ വാതക പൈപ്പ് ലൈൻ കടന്നുപോകുന്നത്.
തീ നിയന്ത്രണവിധേയമാക്കിയ ശേഷം ഫയർഫോഴ്സും ഉദ്യോഗസ്ഥർ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Kerala
കാസര്ഗോഡ്: കാസര്ഗോഡ് ഗവ. കോളജില് നടന്ന റാഗിംഗുമായി ബന്ധപ്പെട്ട് 13 വിദ്യാര്ഥികളെ കോളജില്നിന്നു സസ്പെന്ഡ് ചെയ്തു. രണ്ടും മൂന്നും വര്ഷ ബിരുദവിദ്യാര്ഥികളെയാണു പ്രിന്സിപ്പല് ഡോ.വി.എസ്. അനില്കുമാര് സസ്പെൻഡ് ചെയ്തത്. 13നാണ് സംഭവം.
റാഗിംഗിനിരയായ വിദ്യാര്ഥി ഇന്നലെയാണ് ഇതു സംബന്ധിച്ച് പ്രിന്സിപ്പലിന് പരാതി നല്കിയത്. ഇതിന്റെ അടിസ്ഥാനത്തില് ഇന്നലെ ചേര്ന്ന ആന്റി റാഗിംഗ് സെല് യോഗം പരാതി പരിശോധിച്ച് നടപടിക്ക് ശിപാര്ശ ചെയ്യുകയായിരുന്നു. വിദ്യാര്ഥികളെ സസ്പെന്ഡ് ചെയ്തതിന് പിന്നാലെ പ്രിന്സിപ്പല് പോലീസിനും റിപ്പോര്ട്ട് നല്കി.
ചിറക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടു സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ
തലശേരി: ചിറക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഷർട്ടിന്റെ ബട്ടനുകൾ ഇട്ടില്ലെന്നതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ എട്ടു സീനിയർ വിദ്യാർഥികളെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയത്താണ് പതിനാറുകാരനെ സ്കൂൾ അങ്കണത്തിൽ വച്ച് സീനിയർ വിദ്യാർഥികൾ ആക്രമിച്ചത്. ഷർട്ടിന്റെ ബട്ടൺ ഇടാൻ പറഞ്ഞിട്ടും അനുസരിക്കാത്തതിന് സംഘം ചേർന്ന് തടഞ്ഞുനിർത്തി മുഖത്തും നെഞ്ചത്തും വാരിയെല്ലിനും ഇടിച്ചു പരിക്കേൽപ്പിച്ചെന്നായിരുന്നു പരാതി. ഈ സംഭവത്തിന് ഒരാഴ്ച മുന്പേ ഇതേ കാരണം പറഞ്ഞ് സീനിയർ വിദ്യാർഥികൾ കുട്ടിയെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതി ഉയർന്നിരുന്നു.
Kerala
കാസർഗോഡ്: പ്ലസ് വൺ പ്രവേശനോത്സവത്തിനു തൊട്ടുപിന്നാലെ റാഗിംഗുമായി ബന്ധപ്പെട്ട് ജില്ലയിൽ മൂന്നു സ്കൂളുകളിൽ സംഘർഷം. എടനീർ, ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ വിദ്യാർഥികൾക്കും കുമ്പളയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്കുമാണ് സീനിയർ വിദ്യാർഥികളുടെ മർദനമേറ്റത്.
എടനീർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ തടഞ്ഞുനിർത്തി കൈപിടിച്ചു തിരിക്കുകയും തുടർന്ന് തള്ളി നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്ന പരാതിയിൽ 20 പ്ലസ്ടു വിദ്യാർഥികൾക്കെതിരേ വിദ്യാനഗർ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം.
ഇന്നലെ രാവിലെയാണ് ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അക്രമത്തിനിരയായത്. ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ ഇട്ടില്ലെന്നുപറഞ്ഞ് നാലു പ്ലസ്ടു വിദ്യാർഥികൾ ചേർന്ന് തടഞ്ഞുനിർത്തി അടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തതായാണ് പരാതി. മർദനമേറ്റ കുട്ടിയെ മുള്ളേരിയയിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് വിദ്യാർഥിയും സ്കൂൾ അധികൃതരും ആദൂർ പോലീസിൽ പരാതി നൽകി.
ചൊവ്വാഴ്ച ഈ സ്കൂളിലെ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ബസിനകത്തുവച്ച് സംഘർഷമുണ്ടായിരുന്നു. തുടർന്ന് ബുധനാഴ്ച പ്ലസ്ടു വിദ്യാർഥികൾക്ക് അവധി നൽകിയിരുന്നു. ഇന്നലെ ഇവർ തിരിച്ചെത്തിയതിനു പിന്നാലെയാണു വീണ്ടും സംഘർഷമുണ്ടായത്.
കുമ്പളയിൽ സ്കൂൾവിട്ടു മടങ്ങുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസുകാർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കുട്ടിയെ മർദിക്കുകയും താക്കോൽകൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതായാണ് പരാതി.
Kerala
കാസര്ഗോഡ്: എസ്എഫ്ഐ കാസര്ഗോഡ് ജില്ലാ സെക്രട്ടറി കെ. അനുരാഗിനെതിരേ പരാതിയുമായി വനിത ഏരിയ കമ്മിറ്റിയംഗം. വാട്സ്ആപ്പ് വഴി അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്നാണ് പരാതി.
എസ്എഫ്ഐ തൃക്കരിപ്പൂര് ഏരിയാ കമ്മിറ്റി അംഗമായ പെണ്കുട്ടിയാണ് അനുരാഗിനെതിരേ പരാതി നല്കിയത്. നിരവധി തവണ അശ്ലീലദൃശ്യങ്ങള് അടക്കം അയച്ചെന്നാണ് പരാതി.
രണ്ടു മാസം മുമ്പ് തൃക്കരിപ്പൂരില് ഏരിയാ കമ്മിറ്റിക്കു പരാതി നല്കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. തുടര്ന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാലനു നേരിട്ട് പരാതി നല്കിയത്. സംഭവത്തില് അനുരാഗിനെതിരേ നടപടി ഉണ്ടാകുമെന്നാണു സൂചന.
Kerala
കാസർകോട്: എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും സിപിഎം നേതാവുമായ പിഎം ആർഷോയും മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു ഇരുവരുടെയും രജിസ്റ്റർ വിവാഹം. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് ഇരുവരും പരസ്പരം പുഷ്പഹാരം അണിയിച്ചത്.
വിവാഹ ചടങ്ങിൽ വിദ്യയുടെ മാതാവ് സുശീല, സഹോദരിമാരായ ദിവ്യ, ധന്യ, ആർഷോയുടെ പിതാവ് സി.പി. മണി എന്നിവരും ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കളായ വി.പി. സാനു, പി.എസ്. സഞ്ജീവ്, എം. ശിവപ്രസാദ്, രജീഷ് വെള്ളാട്ട്, കെ. അനുശ്രീ തുടങ്ങിയവരും പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ കെ. വിദ്യ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പിഎച്ച്ഡി ഗവേഷക വിദ്യാർത്ഥിനിയാണ്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ പി.എം. ആർഷോ നിലവിൽ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു വരികയാണ്. മുൻപ് എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ആർഷോ ശ്രദ്ധേയനാകുന്നത്. വിവാഹ ചടങ്ങുകൾക്ക് ശേഷം ഇരുവരും പാലക്കാട്ടേക്ക് തിരിച്ചു.
District News
കാസര്ഗോഡ്: നടപ്പ് സാമ്പത്തിക വര്ഷത്തെ കാസര്ഗോഡ് വികസന പാക്കേജിനായുള്ള 100 കോടി രൂപയുടെ കരട് വാര്ഷിക പദ്ധതി സമര്പ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, വിനോദസഞ്ചാരം, കാര്ഷികം തുടങ്ങിയ മേഖലകളില് വലിയ കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന 27 സുപ്രധാന പദ്ധതികളാണ് സമഗ്രമായ ഈ കരടില് ഉള്പ്പെടുത്തിയിട്ടുള്ളത്. ജില്ലയുടെ ദീര്ഘകാല ആവശ്യങ്ങള്ക്ക് പരിഹാരം കാണുന്ന തരത്തിലാണ് പദ്ധതികള് വിഭാവനം ചെയ്തിരിക്കുന്നത്.
ആരോഗ്യമേഖലയ്ക്കും എന്ഡോസള്ഫാന് ദുരിതബാധിതര്ക്കുമാണ് പദ്ധതിയില് വലിയ പരിഗണന നല്കിയിരിക്കുന്നത്. കാസര്ഗോഡ് ഗവ. മെഡിക്കല് കോളജില് കൂടുതല് സൗകര്യങ്ങള് ഏര്പ്പെടുത്തുന്നതിനായി 10 കോടി രൂപയും പുതിയ അപകട-ട്രോമ കെയര് സൗകര്യത്തിനായി അഞ്ചുകോടി രൂപയും കരട് വാര്ഷിക പദ്ധതി വകയിരുത്തി. എന്ഡോസള്ഫാന് ദുരിതബാധിതരുടെ ആരോഗ്യ പരിരക്ഷയ്ക്കും ഉപജീവനത്തിനുമായി മെഡിക്കല് കോളജില് സമഗ്ര ക്ലിനിക്കല് ബ്ലോക്ക് സ്ഥാപിക്കുന്നതിന് 10 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.
ഇതിനുപുറമെ സാമൂഹ്യനീതിവകുപ്പിന് കീഴില് വയോജന ആശുപത്രി ബ്ലോക്ക് സ്ഥാപിക്കാന് 2.65 കോടി രൂപയും കരട് പദ്ധതിയില് അനുവദിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല് നല്കുന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. കോണ്ക്രീറ്റ് മേല്ക്കൂരയില്ലാത്ത പ്രൈമറി സ്കൂള് കെട്ടിടങ്ങള് നവീകരിക്കാന് 11 കോടി രൂപയും സ്മാര്ട്ട് അങ്കണവാടികള്ക്കും സോഷ്യല് റിസോഴ്സ് സെന്ററുകള്ക്കുമായി ആറുകോടി രൂപയും വകയിരുത്തി.
സെക്കന്ഡറി, ഹയര് സെക്കന്ഡറി സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 12 കോടി രൂപയും ആധുനിക ലബോറട്ടറികള്ക്ക് രണ്ടുകോടിയും കാസര്ഗോഡ് ഗവ. കോളജിലെ പുതിയ ജിയോളജി ബ്ലോക്കിന് മൂന്നുകോടി രൂപയും നീക്കിവച്ചിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ നവീകരണത്തിന് മൂന്നുകോടിയും മത്സര പരീക്ഷാ പരിശീലന പദ്ധതിയായ മുന്നോട്ടിന് 35 ലക്ഷവും ലഭിക്കും. കായിക മേഖലയുടെ ഉന്നമനത്തിനായി കാസര്ഗോഡ് മുനിസിപ്പല് സ്റ്റേഡിയത്തില് സിന്തറ്റിക് ട്രാക്ക് നിര്മിക്കാന് മൂന്നുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഗതാഗത സൗകര്യങ്ങള് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ പാലങ്ങളും റോഡുകളും പദ്ധതിയിലുണ്ട്. ഉദയപുരം-മുന്നാട് റോഡില് പിണ്ടിക്കടവ് പാലം നിര്മിക്കാന് നാലുകോടിയും ബേഡഡുക്കയിലെ പായം-പയങ്ങാട് പാലത്തിന് 3.5 കോടിയും വകയിരുത്തി. വിവിധ നഗരങ്ങളിലെ ബൈപ്പാസുകളുടെ വികസനത്തിന് മൂന്നുകോടിയും നെല്ലിക്കുന്ന് ഉള്പ്പെടെയുള്ള ട്രാഫിക് ജംഗ്ഷനുകളുടെ നവീകരണത്തിനും സിവില് സ്റ്റേഷന് പരിസരത്തെ മാനവീയം വീഥി സര്ക്കുലര് റോഡുകള്ക്കുമായി രണ്ടു കോടി രൂപ വീതവും കെഡിപി വകയിരുത്തി.
തീരദേശ-മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളുടെ നവീകരണത്തിനും പദ്ധതിയില് തുക വകയിരുത്തി. തൈക്കടപ്പുറം, വലിയപറമ്പ് ബീച്ചുകളുടെ വികസനത്തിന് രണ്ടു കോടി വീതവും മഞ്ഞംപൊതികുന്ന് ഹില് ടൂറിസത്തിന് ഒരു കോടിയും വകയിരുത്തി.
കാര്ഷിക-മൃഗസംരക്ഷണ മേഖലകളിൽ, നീലേശ്വരം പാലായി പാടശേഖരത്തില് ജലസേചന സൗകര്യങ്ങള്ക്കായി മൂന്നുകോടിയും മൃഗസംരക്ഷണ ലാബുകളും ആശുപത്രികളും ശക്തിപ്പെടുത്തുന്നതിന് രണ്ടുകോടിയും ജനവാസ കേന്ദ്രങ്ങളിലേക്കുള്ള വന്യജീവികളുടെ കടന്നുകയറ്റം ശാസ്ത്രീയമായി തടയുന്നതിന് ഒരുകോടി രൂപയും പാക്കേജില് വകയിരുത്തിയിട്ടുണ്ട്.
പൊതുസൗകര്യങ്ങളും സുരക്ഷയും വര്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആധുനിക വഴിയോര വിശ്രമകേന്ദ്രങ്ങള് സ്ഥാപിക്കാനും കാസര്ഗോഡ് ഫയര് സ്റ്റേഷന്റെ രണ്ടാംഘട്ട നിര്മാണത്തിനും അനന്തപുരം ഇന്ഡസ്ട്രിയല് എസ്റ്റേറ്റിലെ വ്യവസായ മാലിന്യസംസ്കരണ പ്ലാന്റിനുമായി രണ്ടുകോടി രൂപ വീതമാണ് വകയിരുത്തിയിട്ടുള്ളത്. ഇതിനുപുറമെ അടിയന്തര രക്ഷാപ്രവര്ത്തനങ്ങള്ക്കായി സ്പീഡ് ബോട്ടും ജീവന് രക്ഷാ ഉപകരണങ്ങളും വാങ്ങുന്നതിന് 50 ലക്ഷം രൂപയും പദ്ധതിയില് നിര്ദേശിക്കുന്നുണ്ട്. കാസര്ഗോഡിന്റെ സമഗ്രവികസനത്തിന് അടിത്തറയാകുന്നതാണ് പുതിയ വാര്ഷിക പദ്ധതി.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില് മഞ്ചേശ്വരത്തും കാസര്ഗോഡും യുഡിഎഫിന് വോട്ട് മറിച്ചെന്ന വെളിപ്പെടുത്തലുമായി എൽഡിഎഫിലെ ഘടകകക്ഷിയായ ഐഎന്എല്. എല്ഡിഎഫ് നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് വോട്ട് മറിച്ചതെന്ന് ഐഎന്എല് ജനറല് സെക്രട്ടറി കാസിം ഇരിക്കൂര് പറഞ്ഞു.
മണ്ഡലങ്ങളില് ബിജെപി ജയിക്കാതിരിക്കാനും മതനിരപേക്ഷത നിലനിര്ത്താനുമാണ് വോട്ട് മറിച്ചതെന്നും കാസിം ഇരിക്കൂര് വ്യക്തമാക്കി. എന്നാല് എല്ഡിഎഫ്-ബിജെപി മത്സരം നടക്കുന്ന മണ്ഡലങ്ങളില് യുഡിഎഫ് ഈ മനസ് കാണിച്ചില്ലെന്നും യുഡിഎഫിന്റെ നിസഹകരണം കാരണമാണ് മൂന്ന് മണ്ഡലങ്ങളില് ബിജെപി ജയിച്ചതെന്നും കാസിം ഇരിക്കൂര് വിമര്ശിച്ചു.
മഞ്ചേശ്വരത്താണ് സുരേന്ദ്രനെ പോലെ ഒരാള് നിന്ന് കഴിഞ്ഞാല് ജയിക്കാന് സാധ്യത. അത് പ്രതിരോധിക്കേണ്ടതുണ്ട്. അതിന് ആദ്യം ചെയ്തത് അവിടെ എസ്ഡിപിഐ മത്സരിക്കാന് വേണ്ടി മുന്നോട്ട് വന്നിരുന്നു. പല ഉത്തരവാദിത്തപ്പെട്ട മതേതര കക്ഷികളും പറഞ്ഞു, അങ്ങനെ ചെയ്യരുതെന്ന്.
അതുമാത്രമല്ല, ചിലയിടങ്ങളില് എസ്ഡിപിഐ എല്ഡിഎഫിന്റെ ചില സ്ഥാനാര്ഥികള്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും കാസിം ഇരിക്കൂര് പറഞ്ഞു. ഞാന് മനസിലാക്കിയിടത്തോളം, മഞ്ചേശ്വരത്ത് എല്ഡിഎഫിന് കെട്ടിവച്ച കാശ് നഷ്ടമായിരിക്കുകയാണ്. അത് വോട്ട് കിട്ടാത്തതുകൊണ്ടല്ല, എല്ഡിഎഫിന്റെ വോട്ട് യുഡിഎഫിന് കൊടുത്തതാണ്.
കെ. സുരേന്ദ്രനെ പോലെ ഒരാള് നിയമസഭയിലേയ്ക്ക് വരാന് പാടില്ല എന്നതുകൊണ്ടാണ്. ആ മതേതര പ്രതിബദ്ധത ഉണ്ടല്ലോ. അത് ചെറിയ പ്രതിബദ്ധത ഒന്നുമല്ല. അത് എല്ഡിഎഫില് നിന്ന് മാത്രമേ നിങ്ങള് പ്രതീക്ഷിക്കേണ്ടതുള്ളു. ഏതെങ്കിലും കോണ്ഗ്രസുകാര് ബിജെപിയെ തടുക്കാന് വേണ്ടി അവരുടെ സ്ഥാനാര്ഥിക്കുള്ള വോട്ട് ഇങ്ങനെ കൊടുക്കുമോ? അവര് ചെയ്യില്ല. അത് ഉറപ്പാണ്,' കാസിം ഇരിക്കൂർ പറഞ്ഞു.
Kerala
കാസർഗോഡ്: പാമ്പുകടിയേറ്റ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ ശരത് - അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. മൂർഖനാണ് കുട്ടിയെ കടിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. അവശനിലയിലായ കുട്ടി പരിയാരം മെഡിക്കൽ കോളജിൽ എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു.
അപ്പോഴേക്കും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Kerala
കാസർഗോഡ്: എളേരിതട്ടിൽ നാലര വയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു. കുട്ടിയെ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
വീടിന് സമീപം കളിക്കുന്നതിനിടെ അടുത്ത പറമ്പിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. പന്ത് കിടന്ന സ്ഥലത്തിന് സമീപം പാമ്പിൻ മാളമുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
മൂർഖൻ കുഞ്ഞാണ് കടിച്ചതെന്നാണ് സൂചന. കുട്ടിയെ ആദ്യം നർകിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
Kerala
കാസർഗോഡ്: ചിന്മയ വിദ്യാലയത്തിലെ 38 പത്താം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷാഫലം സിബിഎസ്ഇ തടഞ്ഞു വച്ചു.
സംസ്കൃതം കമ്യൂണിക്കേറ്റീവ് രണ്ടാം ഭാഷാ വിഷയമായി എടുത്ത വിദ്യാർഥികളുടെ ഫലമാണ് തടഞ്ഞത്. രജിസ്ട്രേഷൻ സമയത്ത് വിഷയത്തിന്റെ കോഡ് രേഖപ്പെടുത്തിയതിൽ സ്കൂളിന് വന്ന പിഴവാണ് പ്രശ്നത്തിന് കാരണം.
കോടതി ഇടപെടലിൽ കോഡ് തിരുത്തിയാണ് കുട്ടികൾക്ക് പരീക്ഷ എഴുതാൻ അനുമതി ലഭിച്ചത്. എന്നാൽ ബോർഡ് ഫലം തടഞ്ഞു വയ്ക്കുകയായിരുന്നു.
Kerala
കാസർഗോഡ്: വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് കാസർഗോട്ടെ യുഡിഎഫ് സ്ഥാനാർഥി കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരങ്ങളെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഷെരീഫ് കല്ലട്ര, അഷ്റഫ് കല്ലട്ര എന്നിവരെയാണ് നായന്മാർമൂലയിൽ വച്ച് എൽഡിഎഫ് പ്രവർത്തകർ തടഞ്ഞത്.
തുടർന്ന് യുഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തിയതോടെ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി. വോട്ടർമാർക്ക് പണം നൽകാൻ എത്തിയപ്പോഴാണ് ഇവരെ തടഞ്ഞതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. പരാജയ ഭീതിയെ തുടർന്ന് സിപിഎം പ്രവർത്തകർ അക്രമം അഴിച്ചു വിടുകയാണെന്ന് യുഡിഎഫ് സ്ഥാനാർഥി കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. പാലക്കാട് വോട്ടർമാർക്ക് ബിജെപി നേതാക്കൾ പണം നൽകിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
Kerala
എല്ഡിഎഫ്-3, യുഡിഎഫ്-2. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നിയമസഭാ തെരഞ്ഞെടുപ്പിലെ കാസര്ഗോഡിന്റെ സ്കോര് നില ഇങ്ങനെയാണ്. തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളുടെ കരുത്തില് ഇത്തവണയും തത്സ്ഥിതി തുടരുമെന്ന കാര്യത്തില് എല്ഡിഎഫ് നേതൃത്വത്തിന് യാതൊരു സംശയവുമില്ല.
തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും ഉദുമയിലും ജയം ആവര്ത്തിക്കുമെന്നു മാത്രമല്ല ഭൂരിപക്ഷവും വര്ധിക്കുമെന്നും അവര് ഉറച്ചു വിശ്വസിക്കുന്നു. എല്ഡിഎഫ്-3, യുഡിഎഫ്-2. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നിയമസഭാ തെരഞ്ഞെടുപ്പിലെ കാസര്ഗോഡിന്റെ സ്കോര് നില ഇങ്ങനെയാണ്.
തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളുടെ കരുത്തില് ഇത്തവണയും തത്സ്ഥിതി തുടരുമെന്ന കാര്യത്തില് എല്ഡിഎഫ് നേതൃത്വത്തിന് യാതൊരു സംശയവുമില്ല. തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും ഉദുമയിലും ജയം ആവര്ത്തിക്കുമെന്നു മാത്രമല്ല ഭൂരിപക്ഷവും വര്ധിക്കുമെന്നും അവര് ഉറച്ചു വിശ്വസിക്കുന്നു.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില് അഞ്ചു മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടാന് സാധിച്ചത് സര്ക്കാര് വിരുദ്ധ വികാരത്തിന്റെയും യുഡിഎഫിനോടുള്ള സ്വീകാര്യതയുടെയും തെളിവാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവര്ത്തിക്കുമെന്നും യുഡിഎഫ് ക്യാമ്പ് പ്രതീക്ഷ വയ്ക്കുന്നു.
മഞ്ചേശ്വരത്ത് താമര വിരിയിക്കാന് കൈമെയ് മറന്നുള്ള പോരാട്ടത്തിലാണ് ബിജെപി. ശബരിമല സ്വര്ണക്കൊള്ളയും കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ വികസനപദ്ധതികളും പാചകവാതകക്ഷാമവും എസ്ഐആറുമെല്ലാം കാസര്ഗോട്ടെ ചൂടുള്ള തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്.
താമര വിരിയുമോ, മഞ്ചേശ്വരത്ത്?
കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് മഞ്ചേശ്വരത്ത് നടക്കുന്നത്.കെ.ജി. മാരാരുടെ കാലം തൊട്ടേ ബിജെപിയെ മോഹിപ്പിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ നാലു പതിറ്റാണ്ടായി മുസ്ലിം ലീഗിന്റെ കുത്തകയാണ് ഇവിടം. 2006ല് എല്ഡിഎഫ് അട്ടിമറിവിജയം നേടിയിരുന്നെങ്കിലും അന്നത്തെ സ്ഥാനാര്ഥി ചെര്ക്കളം അബ്ദുള്ളയോടുള്ള എതിര്പ്പ് മൂലം നല്ലൊരു ശതമാനം ലീഗ് വോട്ട് മറിഞ്ഞതുകൊണ്ടാണ് അതു സംഭവിച്ചത്.
സിറ്റിംഗ് എംഎല്എ എ.കെ.എം. അഷ്റഫിന്റെ പേരിനോട് സാമ്യമുള്ള എസ്ഡിപിഐയുടെ കെ.എം. അഷ്റഫ് അവസാനനിമിഷം പത്രിക പിന്വലിച്ചത് യുഡിഎഫിന് ആശ്വാസമായി. അതേസമയം മുമ്പ് ബിജെപി പിന്തുണയോടെ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജീന് ലവീന മൊന്തേരോ സ്വതന്ത്രസ്ഥാനാര്ഥിയായി രംഗത്തുണ്ട്.
പൊതുവേ യുഡിഎഫിനോട് അനുഭാവം കാട്ടുന്ന കൊങ്കിണി ക്രൈസ്തവ വോട്ടുകള് പിളര്ത്താനുള്ള ബിജെപിയുടെ നീക്കമാണിതെന്ന് യുഡിഎഫ് ക്യാമ്പ് ആരോപിക്കുന്നു. മണ്ഡലത്തില് ഏഴായിരത്തോളം കൊങ്കിണി ക്രൈസ്തവ വോട്ടുകളാണുള്ളത്.
2016ല് 89 വോട്ടിന് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുമെന്നുതന്നെ ബിജെപി ക്യാമ്പ് അവകാശപ്പെടുന്നു. സിപിഎം സ്ഥാനാര്ഥി കെ.ആര്. ജയാനന്ദയ്ക്ക് ഇതു നില മെച്ചപ്പെടുത്താനുള്ള പോരാട്ടമാണ്. അഷ്റഫിന് രണ്ടും ബിജെപി സ്ഥാനാര്ഥി കെ.സുരേന്ദ്രന് ഒന്നും അപരന്മാരുണ്ട്.
സന്ദീപിന്റെ സര്പ്രൈസ് എന്ട്രി
രൂപീകരണകാലം തൊട്ട് സിപിഎം വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചുപോരുന്ന മണ്ഡലമാണെങ്കിലും കോണ്ഗ്രസ് ഇത്തവണ ഏറ്റവും പ്രതീക്ഷയര്പ്പിക്കുന്നത് തൃക്കരിപ്പൂരാണ്.
സന്ദീപ് വാര്യരുടെ സ്ഥാനാര്ഥിത്വം മൂന്നരപതിറ്റാണ്ടിന് ശേഷം ജില്ലയ്ക്ക് ഒരു കോണ്ഗ്രസ് എംഎല്എയെ സമ്മാനിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. പാര്ട്ടിഗ്രാമങ്ങളെ ഒഴിച്ചുനിര്ത്തിയാല് മലയോര-തീരദേശമേഖലകള് തങ്ങളെ തുണയ്ക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്.
എന്നാല്, വിദ്യാര്ഥികാലം തൊട്ട് മണ്ഡലത്തില് പ്രവര്ത്തനപരിചയവും വ്യക്തിബന്ധങ്ങളുമുള്ള സിപിഎമ്മിന്റെ വി.പി.പി. മുസ്തഫയാണ് എതിരാളിയെന്നത് പോരാട്ടത്തിന്റെ കടുപ്പം കൂട്ടും. മുസ്തഫയ്ക്ക് രണ്ടും സന്ദീപിന് ഒന്നും അപരന്മാരുണ്ട്.
മൂന്നിടത്ത് തനിയാവര്ത്തനം?
കാഞ്ഞങ്ങാട്ട് സിപിഐയുടെ ഗോവിന്ദന് പള്ളിക്കാപ്പിലും ഉദുമയില് സിപിഎമ്മിന്റെ സി.എച്ച്. കുഞ്ഞമ്പുവിനും വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് എല്ഡിഎഫ് ക്യാമ്പ്.
മണ്ഡലത്തിന്റെ ചരിത്രം അവരുടെ ആത്മവിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ്. കാഞ്ഞങ്ങാട്ട് കേരള കോണ്ഗ്രസ് സ്ഥാനാര്ഥിയായ ഷൈജി ഓട്ടപ്പള്ളി മണ്ഡലത്തില് എത്തിയ ദിവസം മുതല് ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. ഉദുമയില് കോണ്ഗ്രസിന്റെ സീനിയര് നേതാവ് കെ. നീലകണ്ഠനും കരുത്ത് തെളിയിച്ചേ പറ്റൂ.
കാസര്ഗോട്ടെ കണക്കുകള് മുസ്ലിം ലീഗിന്റെ കല്ലട്ര മാഹിന് ഹാജിക്ക് മുന്തൂക്കം നല്കുന്നുണ്ട്. ബിജെപിയുടെ ജില്ലാ പ്രസിഡന്റ് എം.എല്. അശ്വിനി കരുത്തുറ്റ എതിരാളിയായി മറുവശത്തുണ്ട്. സ്വതന്ത്രസ്ഥാനാര്ഥിയായ ഷാനവാസ് പാദൂരിലൂടെ നില മെച്ചപ്പെടുത്താമെന്നാണ് എല്ഡിഎഫിന്റെ കണക്കുകൂട്ടല്.
Kerala
കാസർഗോഡ്: ദേശീയപാതയോരത്തിന് സമീപം കാസർഗോഡ് നുള്ളിപ്പാടിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച ആധാർ കാർഡിൽ കെ.എൻ. മഞ്ചുനാഥ് (46), കർണാടക എന്ന വിലാസമാണുള്ളത്. ഇത് ഇയാളുടേതാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് കാസർകോട് ടൗൺ പോലീസ് അറിയിച്ചു. മൃതദേഹത്തിൽ പലയിടങ്ങളിലായി മർദനമേറ്റതിന്റെയും വലിച്ചിഴച്ചതിന്റെയും പാടുകളുമുണ്ട്. ശരീരത്തിൽ പലയിടത്തായി രക്തംവാർന്ന നിലയിലുമാണ്.
മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉന്നത പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ കെട്ടിത്തിന് സമീപം സമൂഹവിരുദ്ധർ താവളമാക്കുന്നതായും ഇവിടെ രാത്രിയിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായും കെട്ടിട ഉടമയുടെ മകന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പല ദിവസങ്ങളിലും ഇദ്ദേഹം രാത്രി ഇവിടം പരിശോധിക്കുമായിരുന്നു.
കഴിഞ്ഞദിവസം രാത്രി എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ കാസർഗോഡ് ടൗൺ പോലീസിൽ അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയിലാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.
Kerala
കാസര്ഗോഡ്: പൊതുമരാമത്ത് വകുപ്പിനെ അവഗണിച്ച് ദേശീയപാത ഉദ്ഘാടനം ചെയ്ത കേന്ദ്രസര്ക്കാര് നടപടിക്കെതിരേ പ്രതിഷേധവുമായി സമാന്തര ഉദ്ഘാടനപരിപാടി നടത്തി പ്രതിഷേധിച്ച് സിപിഎം.
തലപ്പാടി- ചെങ്കള ദേശീയപാതയിലെ നുള്ളിപ്പാടിയില് സി.എച്ച്. കുഞ്ഞമ്പു എംഎല്എ നാടമുറിച്ച് ഉദ്ഘാടനം നിര്വഹിച്ചു. കൊച്ചിയിലെ ചടങ്ങില്നിന്ന് ഒന്നരമണിക്കൂര് നേരത്തേ യാണ് കാസര്ഗോഡ് ദേശീയപാത ഉദ്ഘാടനം ചെയ്തത്.
ബിജെപിയുടെ നാലാള് ചേര്ന്ന് ഉദ്ഘാടനം ചെയ്യേണ്ട പദ്ധതിയല്ല ദേശീയപാതയെന്ന് എംഎല്എ പറഞ്ഞു.
സംസ്ഥാന സര്ക്കാര് ഏറെ ബുദ്ധിമുട്ടി പ്രശ്നങ്ങള് പരിഹരിച്ചുകൊണ്ടാണ് ദേശീയപാത നിര്മിച്ചത്. 6,000 കോടി രൂപയാണ് കേന്ദ്രസര്ക്കാരിനു നല്കിയത്.
പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കാത്ത ജനാധിപത്യ മര്യാദയുടെ ലംഘനത്തിന് കേരളം മറുപടി നല്കുമെന്നും അദ്ദേഹം പറഞ്ഞു.
District News
കാസര്ഗോഡ്: പുതിയ ബസ്സ്റ്റാന്ഡില് പ്രവര്ത്തിക്കുന്ന ശ്രീലക്ഷ്മി ബേക്കറിയില് തീപിടിത്തം. കഴിഞ്ഞദിവസം രാത്രി 12.20ഓടെയാണ് തീപിടിത്തമുണ്ടായത്. തീയും പുകയും വരുന്നത് ബസ് സ്റ്റാന്ഡില് ഡ്യൂട്ടിയില് ഉണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ധയില്പെടുകയും ഉടനെ തന്നെ തൊട്ടടുത്ത അഗ്നിരക്ഷാ നിലയത്തിലേക്ക് വിളിച്ച് വിവരം അറിയിക്കുകയുമായിരുന്നു.
കാസര്ഗോഡ് നിന്ന് സീനിയര് ഫയര് ആന്ഡ് റെസ്ക്യൂ ഓഫീസര് വി.എന്. വേണുഗോപാലിന്റെ നേതൃത്വത്തില് രണ്ടു യൂണിറ്റ് വാഹനം എത്തുകയും കടമുറി പൂട്ടി കിടന്നതിനാല് രക്ഷാപ്രവര്ത്തനത്തിന് തടസം വന്നുവെങ്കിലും സേനാംഗങ്ങള് പൂട്ട് ഷിയേഴ്സ് ഉപയോഗിച്ച് മുറിച്ചുനീക്കി ഷട്ടര് തുറന്ന് രക്ഷാപ്രവര്ത്തനം നടത്തി. തീപിടിത്തത്തില് ഇന്സ്റ്റന്റ് കോഫി മേക്കര്, സോഫ്റ്റ് ഡ്രിങ്ക്സ്, ബേക്കറി ഐറ്റംസ്, മറ്റു വസ്തുക്കള് എന്നിവ ഭാഗികമായി കത്തിനശിച്ചിരുന്നു.
കടമുറിയുടെ മുകളിലേക്ക് കയറുന്ന ഏണിപ്പടികളിലും സാധനങ്ങള് കുത്തിനിറച്ചു വച്ചതിനാല് രക്ഷാപ്രവര്ത്തനത്തിന് മുകളിലേക്ക് കയറുന്നതിന് ബുദ്ധിമുട്ടായിരുന്നു. മരത്തിന്റെ ഏണിയുടെ കുറച്ചു ഭാഗങ്ങള് കത്തി നശിച്ചിരുന്നു.
കടയുടമ രാത്രി 10ഓടെ കടയടച്ച് പോയ സമയത്ത് ആയിരുന്നു തീപിടിത്തം ഉണ്ടായിരുന്നത്. ഫയര്ഫോഴ്സിന്റെ സമയോചിതമായ ഇടപെടല് മൂലം വന് തീപിടിത്തമാണ് ഒഴിവായത്.തീ പടര്ന്നിരുന്നുവെങ്കില് തൊട്ടടുത്ത കടമുറികളിലേക്ക് തീപടര്ന്ന് വന് ദുരന്തം ഉണ്ടാകുമായിരുന്നു.
കഴിഞ്ഞവര്ഷം പ്രസ്തുത കട ജീവനക്കാർ പരിശോധന നടത്തുകയും പ്രാഥമിക അഗ്നിശമനോപാധിയായ എക്സ്റ്റിംഗ്യൂഷര് വയ്ക്കണമെന്ന് നിര്ദേശം കൊടുക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തില് ഉദ്ദേശം 75,000 രൂപ നഷ്ടം വന്നതായി കടയുടമ ബോവിക്കാനം സ്വദേശി കെ. സതീഷ്കുമാര് പറഞ്ഞു.
Kerala
കാസര്ഗോഡ്: സിപിഐ നേതാവ് ആര്എസ്എസ് വേദിയില്. സിപിഐ മുന് കാസര്ഗോഡ് ജില്ലാ കൗണ്സില് അംഗവും മീഞ്ച പഞ്ചായത്ത് മുന് പ്രസിഡന്റുമായ സുന്ദരി ഷെട്ടിയാണ് ഹൊസങ്കടിയില് നടന്ന ഹിന്ദു ഏകത സമ്മേളനത്തില് പങ്കെടുത്തത്.
ആര്എസ്എസിന്റെ നൂറാം വാര്ഷികാഘോഷത്തിന്റെ ഭാഗമായാണ് പഞ്ചായത്തുതലത്തില് ഹിന്ദു ഏകതാ സമ്മേളനങ്ങള് നടത്തുന്നത്.
പരിപാടിയില് ആശംസാപ്രസംഗം നടത്തിയ സുന്ദരി ഭാരതാംബയുടെ ചിത്രത്തില് മാല ചാര്ത്തുകയും ചെയ്തു. സംഭവത്തില് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നു സിപിഐ ജില്ലാ നേതൃത്വം അറിയിച്ചു.
മീഞ്ച പഞ്ചായത്തിലെ കടമ്പാര് വാര്ഡില്നിന്ന് ഏഴുതവണ മത്സരിച്ചിട്ടുള്ള സുന്ദരി അഞ്ചുതവണ വിജയിച്ചിരുന്നു.
2020ല് വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ ഇവര് കഴിഞ്ഞ തെരഞ്ഞെടുപ്പില് പരാജയപ്പെട്ടിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാന ഹ്യദയമായ തമ്പാന്നൂരിൽ നിന്ന് കേരളത്തിൽ എവിടേക്കും മിനിട്ട് വ്യത്യാസത്തിൽ ടെയിനും ബസും കിട്ടും. വിമാനത്താവളവും തൊട്ടടുത്താണ്. എന്നാൽ ഇനി തലസ്ഥാനത്തുനിന്ന് ബോട്ടിൽ കൊച്ചിയിലെയ്ക്കോ കാസർഗോട്ടേയ്ക്കോ പോകാൻ റെഡിയായിക്കോളൂ.
ജലഗതാഗതത്തിൽ അത്ഭുത സാധ്യതയുള്ള ആക്കുളം - ചേറ്റുവാ ജലപാതയുടെ ആദ്യ ഘട്ടം ഫെബ്രുവരി 26 ന് ഉദ്ഘാടനം ചെയ്യുന്നതോടെ ദേശീയ പാത 3 ന്റെ ജലവഴികൾ തലസ്ഥാനത്തേക്കും ഉടൻ തുറന്നു കിട്ടും.
തമ്പാന്നൂരിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് ഇന്നറിയപ്പെടുന്നത് മലിന ജലപ്രവാഹമായിട്ടാണെങ്കിലും ആ തോട് നവീകരിച്ചാൽ എത്തുന്നത് പാർവ്വതീ പുത്തനാറിലേക്കും തുടർന്ന് ആക്കുളം കായലിലേക്കുമാണ്. വർക്കല തുരപ്പ്, ചിലക്കൂർ ഭാഗങ്ങൾ കാടുമൂടിപ്പോയതിനാൽ ദുഷ്കരമായകിടന്ന ജലഗതാഗതത്തിന്റെ ഒരു പ്രധാന ഘട്ടം ഉദ്ഘാടനത്തോടെ തുറന്നു കിട്ടുകയായി.
കഠിനംകുളം കായൽ മുതൽ വാമനപുരം നദിയിലൂടെ ഇടവാകായൽ വഴി കടന്നു
പോകുന്ന പാർവതീ പുത്തനാറിന്റെ ഒരു ഭാഗമായി കിള്ളിയാറിലൂടെ കടന്നുവരുന്ന ആമയിഴഞ്ചാൻ തോട് മാറുന്നുണ്ട്. ടിഎസ് കനാൽ എന്നറിയപ്പെടുന്ന തിരുവിതാംകൂർ സ്റ്റേറ്റ് കനാലിന്റെ ഭാഗമായാണ് രാജഭരണകാലത്ത് ഈ കനാൽ നിർമിച്ചത്.
1993 ൽ ഇതു ദേശീയ ജലപാതയുടെ ഭാഗമായി. കോവളം, തിരുവന്ന പുറം,വർക്കല, കൊല്ലം . കായംകുളം , ചേർത്തല, വൈക്കം, ചമ്പക്കര , കൊടുങ്ങല്ലൂർ കനോലിക്കനാൽ . പയ്യോളി, മാഹി കനാലുകൾ എന്നിവ വഴിയാണ് ഈ പാത ബേക്കലിൽ എത്തുന്നത്.
കോവളത്തുനിന്ന് ബേക്കലിലേക്കുള്ള ദൂരം റോഡുവഴിയും ജലമാർഗവും ഏതാണ്ട് 580 കിലോമീറ്ററിനടുത്ത് വരും. എന്നാൽ ഇപ്പോൾ തുറക്കുന്ന ആക്കുളം ചേറ്റുവ ഭാഗത്ത് ദൈർഘ്യം റോഡിനേകാൾ കുറവാണ്. ട്രാഫിക് പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ സ്പീഡ് ബോട്ടിൽ 10 മണിക്കൂറിൽ താഴെ മതി
തൃശൂരിലെ ചേറ്റുവ വരെയുള്ള 280 കിലോമീറ്റര് കനാല് പാത ഫെബ്രുവരി 26 ന് വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വെസ്റ്റ് കോസ്റ്റ് കനാല് നവീകരണ പദ്ധതിയുടെ ഭാഗമായി ഇന്ലാന്ഡ് നാവിഗേഷന് വിഭാഗം പൂര്ത്തീകരിച്ച വിവിധ പദ്ധതികളുടെയും ചിലക്കൂര് വിനോദസഞ്ചാര പദ്ധതിയുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്വഹിക്കും.
വര്ക്കലയിലെ ചിലക്കൂര് ബീച്ച് പാര്ക്കില് നടക്കുന്ന ചടങ്ങില് വി. ജോയ് എംഎൽഎ അധ്യക്ഷത വഹിക്കും. വൈദ്യുതിമന്ത്രി കെ. കൃഷ്ണന്കുട്ടി മുഖ്യാതിഥിയായിരിക്കും.സംസ്ഥാന സര്ക്കാരിന്റെയും കൊച്ചിന് ഇന്റര്നാഷണല് എയര്പോര്ട്ട് ലിമിറ്റഡിന്റെയും (സിയാല്) സംയുക്ത സംരംഭമായ കേരള വാട്ടര്വേയ്സ് ഇന്ഫ്രാസ്ട്രക്ചര് ലിമിറ്റഡ് (ക്വില്) ആണ് വെസ്റ്റ് കോസ്റ്റ് കനാല് നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.
39 പുഴകള്, കായലുകള്, കനാലുകള് എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് 11 ജില്ലകളെ ബന്ധിപ്പിക്കുന്ന കോവളം-ബേക്കല് പാതയെ ചരക്കുനീക്കത്തിനും ടൂറിസത്തിനും തുല്യപ്രാധാന്യം നല്കിക്കൊണ്ട് 24 മണിക്കൂറും ഗതാഗതയോഗ്യമായ ആധുനിക ജലപാതയായി വികസിപ്പിച്ചുവരികയാണ്.
വര്ക്കലയിലെ ചരിത്രപ്രസിദ്ധമായ ചിലക്കൂര് തുരങ്കത്തിന്റെ നവീകരണഋ1വും വിനോദസഞ്ചാര കേന്ദ്രീകൃത സൗന്ദര്യവല്ക്കരണവും സിയാല് നടപ്പാക്കുകയാണ്. ടൂറിസം പ്രവര്ത്തനങ്ങളുടെ ഭാഗമായി ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശവും, കേരള ചരിത്രം, സാംസ്കാരിക പൈതൃകം എന്നിവ ചിത്രീകരിക്കുന്ന ലൈറ്റ് ആന്ഡ് സൗണ്ട് ഷോ ഉ്പ്പെടുത്തിക്കൊണ്ടുള്ള ഇലക്ട്രിക് ബോട്ടും സിയാല് പുറത്തിറക്കും.
616 കിലോമീറ്റര് ദൈര്ഘ്യമുള്ള കോവളം-ബേക്കല് ജലപാത പദ്ധതി രാജ്യത്തെ തന്നെ അതുല്യമായ പദ്ധതിയാണെന്ന് ക്വില് ഡയറക്ടര് എസ്. സുഹാസ് പറഞ്ഞു. സംസ്ഥാന ജലപാതയുടെ മാനദണ്ഡങ്ങള് പാലിക്കുന്നതിനായി തൃശൂര്-കാട്ടൂര് ഭാഗത്തെ മധുരംപള്ളിയില് അഞ്ച് കിലോമീറ്റര് പരിധിയില് വീതിയും ആഴവും കൂട്ടി. തൃപ്രയാര്, കണ്ടശാങ്കടവ്, ഏനാമാവ് എന്നിവിടങ്ങളില് മൂന്ന് ബോട്ട് ജെട്ടികളുടെ നിര്മാണം ആരംഭിച്ചു. ആക്കുളത്തിനും കൊല്ലത്തിനും ഇടയില് നാല് ബോട്ട് ജെട്ടികള് സ്ഥാപിച്ചു.
കോഴിക്കോട്, കുറ്റ്യാടി, നാദാപുരം, വടകര എന്നീ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാലിനു കുറുകെയുള്ള വെങ്ങോലി പാലം പൂര്ത്തിയായി. പാര്വതി പുത്തനാര് കനാലിനു കുറുകെ നിര്മിച്ച കരിക്കകം സ്റ്റീല് ലിഫ്റ്റിംഗ് പാലം കമ്മീഷന് ചെയ്തു.
ഇന്ലാന്ഡ് നാവിഗേഷന് വകുപ്പ് പൂര്ത്തിയാക്കിയ വിവിധ പദ്ധതികളായ കോഴിക്കോടുള്ള മൂഴിക്കല് ലോക്ക്-കം-ബ്രിഡ്ജ്, തിരുവനന്തപുരത്തെ സെന്റ് ആന്ഡ്രൂസ് പാലം, ദേശീയ ജലപാത മാനദണ്ഡങ്ങള് പാലിക്കുന്ന വടകര-മാഹി കനാലിന്റെ 14 കിലോമീറ്റര് ഭാഗം എന്നിവയും പ്രവര്ത്തനക്ഷമമാണ്. കോഴിക്കോട് കോട്ടപ്പള്ളി പാലത്തിന്റെ നിര്മാണം ഉടന് ആരംഭിക്കും.
കനാല് വികസന പരിപാടിയുടെ ഭാഗമായി 95.6 കോട രൂപയുടെ പദ്ധതികള്ക്ക് ഭരണാനുമതി ലഭിച്ചു. വര്ക്കല വെസ്റ്റ് കോസ്റ്റ് കനാല് - റീച്ച് 1, റീച്ച് 2, കഠിനംകുളം വെസ്റ്റ് കോസ്റ്റ് കനാല് റീച്ച്, വടകര-മാഹി കനാല് - ആദ്യ റീച്ച്, ചിറയിന്കീഴ് കടകം പാലം എന്നിവ ഇതില് ഉള്പ്പെടുന്നു. ഈ പ്രവൃത്തികളും ശിവഗിരി തുരങ്കത്തിന്റെ വടക്കുവശത്തെ ആഴം കൂട്ടല് ജോലികളും പുരോഗമിക്കുന്നുണ്ട്.
Education
കാസര്ഗോഡ്: പെരിയ ആസ്ഥാനമായുള്ള കേരള കേന്ദ്ര സര്വകലാശാലയില് നാലുവര്ഷ ഇന്റഗ്രേറ്റഡ് ടീച്ചര് എഡ്യുക്കേഷന് പ്രോഗ്രാമിന് (ഐടിഇപി) ഇപ്പോള് അപേക്ഷിക്കാം.
രാജ്യത്തെ വിവിധ സര്വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല് ടെസ്റ്റിംഗ് ഏജന്സി (എന്ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ നാഷണല് കോമണ് എന്ട്രന്സ് ടെസ്റ്റ് (എന്സിഇടി) വഴിയാണ് കേരള കേന്ദ്രസര്വകലാശാലയിലും പ്രവേശനം.
ബിഎസ്സി ബിഎഡ് ഫിസിക്സ്, ബിഎസ്സി ബിഎഡ് സുവോളജി, ബിഎ ബിഎഡ് ഇംഗ്ലീഷ്, ബിഎ ബിഎഡ് ഇക്കണോമിക്സ്, ബികോം ബിഎഡ് എന്നീ പ്രോഗ്രാമുകളാണ് സര്വകലാശാല നടത്തുന്നത്. ബികോം ബിഎഡിന് 50ഉം മറ്റുള്ളവയ്ക്ക് 25 വീതവും സീറ്റുകളാണുള്ളത്. പ്ലസ്ടുവാണ് നാലുവര്ഷം കൊണ്ട് ബിരുദവും ബിഎഡും ലഭിക്കുന്ന പ്രോഗ്രാമുകളുടെ യോഗ്യത.
https://exams.nta.nic.in/ncet/ സന്ദര്ശിച്ച് മാര്ച്ച് 10 രാത്രി 11.50 വരെ ഓണ്ലൈനായി അപേക്ഷ നല്കാം. മാര്ച്ച് 11നു രാത്രി 11.50 വരെ ഫീസ് അടക്കാം. മാര്ച്ച് 12 മുതല് 14 വരെ തീയതികളില് അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരമുണ്ടാകും.
എന്ടിഎ ഹെല്പ്പ് ഡെസ്ക്: 01140759000, ഇ-മെയില്: [email protected]. കൂടുതല് വിവരങ്ങള്ക്ക് സര്വകലാശാല വെബ്സൈറ്റ് www.cukerala.ac.in അല്ലെങ്കില് എന്ടിഎ വെബ്സൈറ്റ് www.nta.ac.in സന്ദര്ശിക്കുക.
Kerala
പരവൂർ: ബംഗളൂരുവിൽനിന്ന് കേരളം വഴി മംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത് എക്സ്പ്രസ് പരിഗണനയിലെന്ന് റെയിൽവേ മന്ത്രാലയം. ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് വഴിയായിരിക്കും ഈ പുതിയ സെമി- ഹൈ സ്പീഡ് ട്രെയിൻ നടത്തുക. ഇത് സൗത്ത് വെസ്റ്റ് റെയിൽവേ സോണിലായിരിക്കും പ്രവർത്തിക്കുകയെന്ന് റെയിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സൂചന നൽകി.
കർണാടകയിൽ വൈദ്യുതീകരണം പൂർത്തിയാക്കാൻ വൈകിയ സുപ്രധാന പാതയായിരുന്നു ബംഗളൂരു - മംഗളൂരു പാത. ഭൂമിശാസ്ത്രപരമായ സങ്കീർണതകൾ കാരണമാണ് റൂട്ടിൽ വൈദ്യുതീകരണം പൂർത്തിയാക്കുന്ന ജോലികൾ വൈകിയത്. ഇപ്പോൾ വൈദ്യുതീകരണ ജോലികൾ പൂർണമായതിനു ശേഷമുള്ള സുരക്ഷാ സർട്ടിഫിക്കേഷനുകൾക്ക് കാക്കുകയാണ് ഈ പാത.
ഈ സർട്ടിഫിക്കേഷനുകൾ ലഭിച്ച് കഴിഞ്ഞാൽ ഉടൻ പാതയിലൂടെ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് മന്ത്രാലയം തയാറെടുപ്പുകൾ തുടങ്ങിയിട്ടുള്ളത്.
നിലവിൽ കർണാടകയിൽ 22 വന്ദേഭാരത് ട്രെയിനുകൾ (11 ജോഡികൾ) സർവീസ് നടത്തുന്നുണ്ട്. ഇവയിൽ ഏഴ് ജോഡികൾ ബംഗളൂരു കേന്ദ്രീകരിച്ചാണ് ഓടുന്നത്. ബംഗളൂരുവിൽ നിന്നുള്ള എട്ടാമത്തെ ജോഡി സർവീസ് ആയിരിക്കും മംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിൻ.
പുതിയ ബംഗളൂരു - മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഈ രണ്ട് നഗരങ്ങൾക്ക് മധ്യേയുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുമെന്നും റെയിൽവേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
കാഞ്ഞങ്ങാട്: കാസർഗോഡ് കേരളത്തിന്റെ സോളാര് ഹബ് ആയി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീമേനി, പെര്ദാല എസ്റ്റേറ്റുകളിലെ സോളാര് വൈദ്യുത നിലയങ്ങളുടെ നിര്മാണ പ്രവര്ത്തികളുടെ ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിലവിൽ കാസർഗോഡ് ജില്ലയിൽ പൈവളിഗെയിലും അമ്പലത്തറയിലും കരിന്തളത്തും സോളാര് പാര്ക്കുകളുണ്ട്. ചീമേനിയിലും പെർദാലയും കൂടി സൗരോർജ വൈദ്യുത നിലയം വരുന്നതോടെ കാസർഗോഡ് കേരളത്തിന്റെ സോളാര് ഹബ് ആയി മാറുമെന്ന് പിണറായി വിജയൻ പറഞ്ഞു.
എസ്റ്റേറ്റുകളില് ബാറ്ററി സ്റ്റോറേജോടുകൂടിയ 110 മെഗാവാട്ട് സോളാര് നിലയം സ്ഥാപിക്കുന്നതാണ് പദ്ധതി. ചീമേനി എസ്റ്റേറ്റില് 80 മെഗാവാട്ട് നിലയവും പെര്ദാല എസ്റ്റേറ്റില് 30 മെഗാവാട്ട് നിലയവുമാണ് ലക്ഷ്യമിടുന്നത്.
നാല് മുതല് എട്ട് മണിക്കൂര് വരെ വൈദ്യുതി ലഭ്യമാക്കുന്ന നിലയിലാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് യാഥാര്ഥ്യമാകുന്നതോടെ വടക്കന് മലബാറിന്റെ വികസന കുതിപ്പിന് ഊര്ജം പകരുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
കാസർഗോഡ്: അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം. പുലർച്ചെ നാലോടെ മാർക്ക് വുഡ് പ്ലൈവുഡ് ഫാക്ടറിയിലാണ് തീ പടർന്നത്.
അഗ്നിരക്ഷാസേന തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്ന് പ്രാഥമിക നിഗമനം.
District News
സ്വന്തം ലേഖകൻ
കാസര്ഗോഡ്: സംസ്ഥാന ബജറ്റിലെ നൂതനപദ്ധതികളിലൊന്നും ഇടം നേടാതെ കാസര്ഗോഡ് ജില്ല. ജില്ലയുടെ ചിരകാല സ്വപ്നമായ മെഡിക്കല് കോളജിന് നാമമാത്രമായ തുകയാണ് അനുവദിച്ചിരിക്കുന്നത്. കാസര്ഗോഡ് ഉള്പ്പെടെയുള്ള പുതിയ നാലു മെഡിക്കല് കോളജുകള്ക്കും കൂടി നീക്കിവച്ചിരിക്കുന്നത് വെറും 57.09 കോടി രൂപ മാത്രമാണ്. കഴിഞ്ഞതവണ ഗവ. എന്ജിനിയറിംഗ് കോളജ് സ്ഥാപിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിൽ ഇത്തവണ ഗവ. നഴ്സിംഗ് കോളജാണ് വാഗ്ദാനം.
എന്ഡോസള്ഫാന് ദുരിതബാധിതര്ക്കായി അനുവദിച്ച 17 കോടി രൂപ പതിവായി അവര്ക്ക് പെന്ഷന് നല്കാനായി മാത്രം അനുവദിക്കുന്ന തുകയാണ്. കാസര്ഗോഡ് വികസന പാക്കേജിന് 80 കോടി മാത്രമാണ് അനുവദിച്ചിരിക്കുന്നത്. പെരിയ എയര്സ്ട്രിപ്പിന് തുക അനുവദിക്കുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. 1.10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞതവണ 50 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ഡിപിആര് തയാറാക്കുകയോ പ്രാരംഭ പ്രവര്ത്തനങ്ങള് ആരംഭിക്കാനോ നാളിതുവരെയായി സാധിച്ചിട്ടില്ല. കയ്യൂര് ചൂട്ടേന്പാറ ടൂറിസം പദ്ധതി, പടന്ന തെക്കേക്കാട് റിവര്സൈഡ് പാര്ക്ക്, ചന്തേര റെയില് ഓവര് ബ്രിഡ്ജ്, അഴിത്തല ടൂറിസം രണ്ടാംഘട്ടം എന്നിവ ബജറ്റില് ഇടംനേടി.
മലയോരത്തിന് റോഡുകള് മാത്രം
റോഡുകളുടെ നവീകരണത്തിനുള്ള തുക മാത്രമാണ് മലയോരത്തിന് ബജറ്റില് ലഭിച്ചത്. മലയോരത്ത് പേരിനു പോലും പുതിയൊരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. ചീമേനി-കുന്നുംകൈ റോഡിലെ കാനത്തുംപൊയില് പാലം നിര്മാണത്തിന് അഞ്ചുകോടി, പാണത്തൂര്- കല്ലപ്പള്ളി റോഡ്, കാലിക്കടവ്-കുറുഞ്ചേരി-പരപ്പച്ചാല് റോഡ് എന്നിവയ്ക്ക് രണ്ടുകോടി വീതവും പാണത്തൂര്- കുണ്ടുപ്പള്ളി-റാണിപുരം റോഡ്, പെരിയങ്ങാനം-കുറുഞ്ചേരി-കാലിക്കടവ് റോഡ്, അട്ടേങ്ങാനം-നായിക്കയം റോഡ് എന്നിവയ്ക്ക് ഒരു കോടി വീതവും അനുവദിച്ചു.
കാക്കടവ്-ബെഡൂര്- കമ്പല്ലൂര് റോഡ്, വരക്കാട്- ഏച്ചിപ്പൊയില് -മണ്ഡപം റോഡ്, മാങ്ങോട്-നരമ്പച്ചേരി- കണ്ണന്കുന്ന് റോഡ് എന്നിവയും ബജറ്റില് ഉള്പ്പെട്ടിട്ടുണ്ട്. അയ്യങ്കാവ്-പാലച്ചുരംതട്ട്-അരിങ്കല്ല്-വീട്ടിയാടി-പരപ്പ റോഡ്, പാത്തിക്കര-ആനമഞ്ഞള് റോഡ്, കുണ്ടുകണ്ടം-മഠപ്പുര റോഡ്, കോയത്തടുക്കം-പുലിക്കടവ്-മാനടുക്കം റോഡ്, ബളാല്- മരുതുംകുളം-ചുള്ളിയോടി റോഡ്, കോളിച്ചാല്-പ്രാന്തര്കാവ്-പാറക്കടവ് റോഡ്, ബളാല്- രാജപുരം റോഡ് എന്നിവയുടെ അഭിവൃദ്ധിപ്പെടുത്തലിനു ടോക്കണ് തുക അനുവദിച്ചിട്ടുണ്ട്.
കരിച്ചേരി പുഴയില് ചെക്ക് ഡാം കം ബ്രിഡ്ജിന് 13 കോടി
ബേഡഡുക്ക പഞ്ചായത്തിലെ അമ്പിലാടി-മാട്ട റോഡില് കരിച്ചേരി പുഴയില് ചെക്ക് ഡാം കം ബ്രിഡ്ജ് നിര്മിക്കുന്നതിന് 13 കോടി വകയിരുത്തി. അമ്പിലാടിയില് നിലവിലുള്ള തൂക്കുപാലം കാലപ്പഴക്കത്താല് അപകടാവസ്ഥയിലാണ്.
ചെക്ക് ഡാം കം ബ്രിഡ്ജ് യാഥാര്ഥ്യമാകുന്നതോടെ ബേഡഡുക്ക പഞ്ചായത്തിലെ അമ്പിലാടി, വാവടുക്കം തുടങ്ങിയ പ്രദേശങ്ങളില് നിന്നും കല്യോട്ട് സ്കൂളിലേക്കും കാഞ്ഞങ്ങാട് പട്ടണത്തിലേക്കും എളുപ്പത്തില് ഗതാഗതം സാധ്യമാകും. ചെക്ക് ഡാം പൂര്ത്തീകരിക്കുന്നതോടെ ഈ പ്രദേശങ്ങളിലെ കാര്ഷിക കാര്ഷികേതര ജലസേചനത്തിനും ഗുണകരമാകുമെന്നും സി.എച്ച്. കുഞ്ഞമ്പു എംഎല്എ പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങള്
കാഞ്ഞങ്ങാട് ഫുട്ഓവര് ബ്രിഡ്ജ് നിര്മാണത്തിനു രണ്ടുകോടി
കാഞ്ഞങ്ങാട് ടൗണ്ഹാള് നിര്മാണത്തിനായി രണ്ടുകോടി
കാഞ്ഞങ്ങാട് ദേശീയ പൈതൃക ഇടനാഴി, സാംസ്കാരിക സമുച്ചയം നിര്മാണത്തിനായി ഒരു കോടി
സംയോജിത പുനരധിവാസഗ്രാമങ്ങള് പദ്ധതിക്ക് 10 കോടി
വ്യവസായപാര്ക്കുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 2.50 കോടി
ചെറുകിടതുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യവികസത്തിന് അഞ്ചുകോടി
പിഎസ്സി ജില്ലാ ഓഫീസ് കെട്ടിടനിര്മാണത്തിന് 5.24 കോടി
നീലേശ്വരം ഇഎംഎസ് ടൗണ്ഹാള് നിര്മാണത്തിന് അഞ്ചുകോടി
കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്മിനല് മുതല് കവ്വായി കായലിലൂടെ തയ്യല് സൗത്ത് വരെ സര്വീസ് നടത്താന് കറ്റമറൈന് ബോട്ട് വാങ്ങുന്നതിന് ഒരു കോടി
നീലേശ്വരം ബ്ലോക്ക് ഓഫീസ്-പാലായി റെഗുലേറ്റര് കം ബ്രിഡ്ജ്-കൂക്കോട്ട്-കയ്യൂര് റോഡ് എന്നിവയ്ക്ക് രണ്ടു കോടി
പരപ്പ-ദേലംപാടി-ഊജംപാടി റോഡിന് 28 കോടി
കക്കാട്ട് സ്കൂള് സ്റ്റേഡിയം നിര്മാണത്തിന് ഒരു കോടി
മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്ത് ചെറിയ ജെട്ടി നിര്മാണത്തിന് ഒരു കോടി
കുമ്പള ആരിക്കാടി കടവത്ത് ഫിഷ്ലാന്ഡിംഗ് സെന്ററിന് ഒരു കോടി
Kerala
കാസർഗോഡ്: കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷാമം പരിഹരിക്കാൻ പുതിയ നിയമന വ്യവസ്ഥയുമായി സർക്കാർ.
ഈ ജില്ലകൾ തെരഞ്ഞെടുത്ത് പിഎസ്സി പരീക്ഷ എഴുതി നിയമനം നേടുന്നവർക്കു കുറഞ്ഞത് 10 വർഷത്തേക്ക് മറ്റു ജില്ലകളിലേക്കു സ്ഥലംമാറ്റം, വർക്കിംഗ് അറേഞ്ച്മെന്റ്, ഡെപ്യൂട്ടേഷൻ, മ്യൂച്വൽ ട്രാൻസ്ഫർ എന്നിവ അനുവദിക്കില്ലെന്നാണു പുതിയ ചട്ടം. ഈ വ്യവസ്ഥ പിഎസ്സി വിജ്ഞാപനത്തിൽത്തന്നെ ഉൾപ്പെടുത്തും. ജോലിയിൽ പ്രവേശിക്കുന്ന സമയത്തുതന്നെ ആവശ്യമെങ്കിൽ ഇതു സംബന്ധിച്ച് ഉദ്യോഗാർഥികളിൽനിന്നു സമ്മതപത്രവും എഴുതി വാങ്ങും.
10 വർഷ കാലയളവിനിടെ ഇവർക്കു ലഭിക്കുന്ന സ്ഥാനക്കയറ്റവും അതത് ജില്ലകളിൽത്തന്നെ പരിമിതപ്പെടുത്തും. താരതമ്യേന മത്സരം കുറഞ്ഞ ഈ ജില്ലകൾ തെരഞ്ഞെടുത്ത് പിഎസ്സി പരീക്ഷയെഴുതി നിയമനം നേടിയതിനു ശേഷം പെട്ടെന്നുതന്നെ മറ്റു ജില്ലകളിലേക്കു സ്ഥലംമാറ്റം വാങ്ങിപ്പോകുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം.
ഈ മൂന്നു ജില്ലകളിലെയും ഉദ്യോഗസ്ഥക്ഷാമം സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചീഫ് സെക്രട്ടറി നടത്തിയ ചർച്ചകളുടെകൂടി അടിസ്ഥാനത്തിലാണു പുതിയ വ്യവസ്ഥകൾ കൊണ്ടുവരാൻ തീരുമാനിച്ചത്.
Kerala
കാസർഗോഡ്: കുമ്പളയിലെ അഭിഭാഷകയുടെ വീട്ടിലെ കവർച്ചയിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കർണാടക സ്വദേശി കലന്തർ ഇബ്രാഹിമാണ് പിടിയിലായത്. കർണാടകയിൽ നിന്നാണ് മഞ്ചേശ്വരം പോലീസ് ഇയാളെ പിടികൂടിയത്.
ഇയാൾ 25 കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. നായ്ക്കാപ്പ് സ്വദേശി അഡ്വ. ചൈത്രയുടെ വീട്ടിൽ നിന്ന് 29 പവൻ സ്വർണവും വെള്ളിയാഭരണങ്ങളുമാണ് കവർന്നത്. ജനുവരി18ന് ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴാണ് സംഭവം.
വീടിന്റെ പിന്ഭാഗത്തെ വാതില് തകര്ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരകളില് സൂക്ഷിച്ചിരുന്ന 29 പവന് സ്വര്ണം, കാല്ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്, 5000 രൂപ എന്നിവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്.
നെക്ലേസ്, വളകള്, മോതിരങ്ങള്, ബ്രേസ്ലെറ്റ്, വലിയ മാല, കമ്മല്, കുട്ടികളുടെ മാല, കുട്ടികളുടെ സ്വര്ണവള, കല്ലുവച്ച മാല തുടങ്ങിയ സ്വര്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
സമീപത്ത് താമസിക്കുന്ന ബന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സ്വർണം കൂടി ചൈത്രയുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഡിസംബറിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. മൊത്തം 31,67,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കിയിരുന്നു.
Kerala
കാസര്ഗോഡ്: പാലാവയല് മലാങ്കടവില് നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. മലാങ്കടവ് ടൗണിനു സമീപം സുനില് കുട്ടങ്കലിന്റെ പുരയിടത്തിലൂടെ ഒഴുകുന്ന തോട്ടില് കുളിക്കാനിറങ്ങിയവരാണ് പാമ്പിനെ കണ്ടത്.
തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഭീമനടിയിലെ ഫോറസ്റ്റ് ഓഫീസിലെ ജിഷ്ണു, അനൂപ്, സൗരവ് എന്നിവര് പാമ്പിനെ പിടികൂടുകയായിരുന്നു. ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി, വാര്ഡ് അംഗം ജോളി പേണ്ടാനം എന്നിവര് സ്ഥലത്തെത്തി.
Kerala
കാസര്ഗോഡ്: കുമ്പള അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ പടക്കനിര്മാണശാലയില് വന് പൊട്ടിത്തെറി. രണ്ടു പേര്ക്ക് പരിക്കേറ്റു.
അനന്തപുരം സ്വദേശി പി. മുഹമ്മദ്കുഞ്ഞിയുടെ റെഡ് ഫോര്ട്ട് പടക്ക നിര്മാണശാലയിലാണു സ്ഫോടനമുണ്ടായത്. ഇന്നലെ രാവിലെ പത്തോടെയാണു സംഭവം. ഇവിടെ ജോലിയിലേര്പ്പെട്ടിരുന്ന തമിഴ്നാട് ശിവകാശി സ്വദേശികളായ ശങ്കര്, കറുപ്പുസാമി എന്നിവര്ക്കാണു പരിക്കേറ്റത്.
സ്ഫോടനമുണ്ടായപ്പോൾ ഇവര് പുറത്തേക്കു ചാടിയതിനാല് പരിക്ക് ഗുരുതരമല്ല. മിക്സിംഗ് യൂണിറ്റ്, അസംസ്കൃത വസ്തുക്കളുടെ സ്റ്റോര്, ഫിനിഷിംഗ് ഷെഡ് തുടങ്ങി 25 ഓളം ഷെഡുകളാണ് അവിടെയുള്ളത്. പുറത്ത് കൂട്ടിയിട്ട വേസ്റ്റില്നിന്നു തീ പടര്ന്നതാണ് കാരണമെന്ന് കരുതുന്നു. ഒരു ഷെഡിലും പ്രാഥമിക അഗ്നിരക്ഷാ ഉപകരണമായ ഫയര് എക്സ്റ്റിംഗ്യുഷര് ഉണ്ടായിരുന്നില്ല. അഗ്നിരക്ഷാ വകുപ്പിന്റെ എന്ഒസി ഇല്ലാതെയാണു പടക്കനിര്മാണശാല പ്രവര്ത്തിക്കുന്നത്.
എത്രത്തോളം വെടിമരുന്ന് സൂക്ഷിച്ചിരുന്നു എന്നതിന്റെ കണക്കു ലഭ്യമായിട്ടില്ല. ജില്ലാ ഫയര് ഓഫീസര് മൂസ വടക്കേതിലിന്റെ നേതൃത്വത്തില് കാസര്ഗോഡ്, ഉപ്പള നിലയങ്ങളില് നിന്നെത്തിയ നാലു യൂണിറ്റ് അഗ്നിരക്ഷാസേനയാണ് തീ അണച്ചത്.
സീനിയര് ഫയര് ആന്ഡ് റെസ്ക്യൂ ഓഫീസര് എം.എം. റഫീഖ്, ഫയര് ആന്ഡ് റെസ്ക്യൂ ഓഫീസര്മാരായ ടി. അമല്രാജ്, എസ്. അഭിലാഷ്, വി.കെ. ഷൈജു, രാജേഷ് പാവൂര്, ടി.എസ്. ശരണ്, എസ്. മുഹമ്മദ് ഷാഫി, ടി.എസ്. മുരളീധരന്, കെ.വി. അഭിജിത്, വി. മഹേഷ്, ബി.ആര്. അതുല്, വി.എസ്. ശ്രീജിത്, ഹോംഗാര്ഡുമാരായ സുഭാഷ്, പ്രദീപ്, രതീഷ് എന്നിവരും സംഘത്തില് ഉണ്ടായിരുന്നു.
Kerala
കാസര്ഗോഡ്: വേടന്റെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്. കാസര്ഗോഡ് ബേക്കല് ബീച്ച് ഫെസ്റ്റിനിടെയുണ്ടായ സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി എട്ടിന് വേടന്റെ സംഗീത പരിപാടി നടത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ഒന്നരമണിക്കൂര് വൈകിയാണ് പരിപാടി ആരംഭിച്ചത്. ഈ സമയത്തിനകം തന്നെ നിരവധി ആളുകള് ഇങ്ങോട്ടേക്ക് എത്തിയിരുന്നു. ടിക്കറ്റെടുക്കാത്തവരും പരിപാടിയിലേക്ക് കയറിയെന്നാണ് റിപ്പോർട്ട്.
മുന്നിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് തിരക്കുണ്ടായത്. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടും. ഇതിനിടെ പരിപാടി കാണാന് എത്തിയ യുവാവ് ട്രെയിൻ തട്ടിമരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദ (19) ആണ് മരിച്ചത്.
Kerala
കാസർഗോഡ്:രണ്ടു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. കാസർകോട് ബ്ലാർകോടാണ് സംഭവം. ഇഖ്ബാൽ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്.
കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. വീടിന് സമീപത്തെ കിണറ്റിലാണ് കുട്ടി വീണത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരും വീട്ടുകാരും ഉടൻതന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിൽ. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Kerala
കുണ്ടംകുഴി (കാസർഗോഡ്): ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ ബേഡഡുക്കയിലെ ഹൈടെക് ആട് ഫാമിനു തുടക്കത്തിൽത്തന്നെ കല്ലുകടി. വിവിധ ഇടങ്ങളിൽനിന്നായി ഇവിടെയെത്തിച്ച മലബാറി ഇനത്തിൽപ്പെട്ട 37 ആടുകൾ രോഗം ബാധിച്ച് ചത്തു. ശ്വാസകോശത്തെ ബാധിക്കുന്ന ആട് വസന്ത രോഗം ബാധിച്ചാണ് ഇവ ചത്തതെന്നാണു സൂചന.
കോഴിക്കോട്ടുനിന്നു കൊണ്ടുവന്ന ഒരാടിനാണ് ആദ്യം രോഗബാധ കണ്ടത്. തൊട്ടുപിന്നാലെ അത് മറ്റുള്ളവയിലേക്കും വ്യാപിക്കുകയായിരുന്നു. ഒന്നരമാസം മുമ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഫാമിന്റെ ഉദ്ഘാടനം നിർവഹിച്ച സമയത്ത് വിവിധയിടങ്ങളിൽ നിന്നായി 81 ആടുകളെയാണ് ആദ്യഘട്ടമായി ഇവിടെ എത്തിച്ചിരുന്നത്. ഇതിൽ 37 എണ്ണം ചത്തതോടെ 44 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്.
സാധാരണ ഫാമുകളിലേക്കു വിവിധയിടങ്ങളിൽനിന്നായി ആടുകളെയും കോഴികളെയും മറ്റും കൊണ്ടുവരുമ്പോൾ രണ്ടാഴ്ച ക്വാറന്റൈനിൽ പ്രത്യേകം താമസിപ്പിച്ചതിനു ശേഷം മാത്രമേ മറ്റുള്ളവയുമായി ഇടപഴകാൻ അനുവദിക്കാവൂ എന്നാണു കീഴ്വഴക്കം. എന്നാൽ ബേഡഡുക്ക ഫാമിൽ ഇത് പാലിക്കാതെ തുടക്കത്തിൽത്തന്നെ എല്ലാ ആടുകളെയും ഒരുമിച്ചാക്കിയതാണ് ഒരാടിനു നേരത്തേയുണ്ടായിരുന്ന രോഗബാധ മറ്റുള്ളവയിലേക്കും പകരാനിടയാക്കിയത്.
ഫാമിൽ ആടുകളെ പാർപ്പിക്കുന്നതിനായി അഞ്ച് കൂടുകൾ സ്ഥാപിക്കാനാണ് പദ്ധതിരേഖയിൽ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഒരു കൂടിന്റെ മാത്രം പണി പൂർത്തിയായപ്പോഴാണ് തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് ധൃതിപിടിച്ച് ഉദ്ഘാടനം നടത്തിയത്. 200 ആടുകളെ വരെ പാർപ്പിക്കാവുന്ന കൂടാണ് ഇത്. ആദ്യഘട്ടത്തിൽ കൊണ്ടുവന്ന എല്ലാ ആടുകളെയും ഈ ഒരേയൊരു കൂട്ടിൽത്തന്നെ പാർപ്പിച്ചതാണ് രോഗബാധ പടരാനിടയാക്കിയത്.
ഇപ്പോൾ രോഗബാധ നിയന്ത്രണാധീനമാണെന്നും അവശേഷിക്കുന്നവയ്ക്ക് രോഗമില്ലെന്നുമാണ് ഫാം അധികൃതർ പറയുന്നത്. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് മുഖേനയാണ് ഇവിടേക്ക് ആടുകളെ എത്തിച്ചത്. എന്നാൽ ആടുകളെ തെരഞ്ഞെടുത്ത് കൊണ്ടുവരുന്നതിനുമുമ്പ് അവയ്ക്ക് പരിശോധനകൾ നടത്തിയിരുന്നില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
Kerala
കാസർഗോഡ്: കരിന്തളത്ത് വയോധിക മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിന് ഒന്നര ദിവസത്തെ പഴക്കമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ശനിയാഴ്ചയാണ് കരിന്തളത്ത് താമസിക്കുന്ന ലക്ഷ്മിയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്. അയൽവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ലക്ഷ്മി ഒറ്റയ്ക്കാണ് താമസിക്കുന്നത്.
വീടിന്റെ പിൻവാതിൽ തുറന്നു കിടക്കുന്ന നിലയിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ധർ അടക്കം എത്തി സ്ഥലത്ത് പരിശോധനകൾ നടത്തിയിരുന്നു.
Kerala
കാസർഗോഡ്: റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് കയറ്റിവച്ച നിലയിൽ. കോട്ടിക്കുളം റെയിൽവെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്ന ട്രാക്കിലാണ് സ്ലാബ് കണ്ടെത്തിയത്.
സംഭവത്തിൽ അട്ടിമറി സാധ്യത പോലീസ് സംശയിക്കുന്നുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാരും പ്രദേശവാസികളുമാണ് ഉടൻ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചത്.
തുടർന്ന് റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി സ്ലാബ് നീക്കം ചെയ്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിനു പിന്നിൽ ആരാണെന്നത് വ്യക്തമല്ല. കോട്ടിക്കുളം റെയിൽവെ സ്റ്റേഷൻ സൂപ്രണ്ടിന്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം കോട്ടിക്കുളത്ത് ട്രാക്കിൽ ഇരുമ്പ് ദണ്ഡ് കയറ്റിവെച്ച സംഭവം ഉണ്ടായിരുന്നു. ആക്രി സാധനങ്ങൾ പെറുക്കുന്ന സ്ത്രീയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
Kerala
കാസർഗോഡ്: കരിന്തളത്ത് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലക്ഷ്മികുട്ടി അമ്മ (80) ആണ് മരിച്ചത്. അടുക്കളയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം. ലക്ഷ്മികുട്ടി അമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
വീട്ടിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ അടുക്കളയുടെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. മൃതദേഹത്തിൽ പരിക്കേറ്റ പാടുകളുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ നാളെ മാത്രമേ നടക്കുകയുള്ളൂ. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും നാളെ സംഭവ സ്ഥലം പരിശോധിക്കും.
കഴിഞ്ഞ വർഷം വീട്ടിൽ സ്വർണ കവർച്ച നടന്നിരുന്നതായും കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
Kerala
കാസർഗോഡ്: ആന്ധ്രാപ്രദേശ് രജിസ്ട്രേഷൻ കാറിലെത്തി പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ. ഇന്ന് ഉച്ചയോടെ കാസർഗോട്ടെ ഉഡുപ്പി ഹോട്ടലിന് സമീപമായിരുന്നു സംഭവം നടന്നത്.
മേൽപ്പറമ്പ് സ്വദേശി ഹനീഫയെ ആണ് സംഘം തട്ടിക്കൊണ്ടുപോയത്. വിവരം അറിഞ്ഞെത്തിയ കാസർഗോഡ് ടൗൺ പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. സംഘം തലപ്പാടി വഴി ആന്ധ്രയിലേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത് കർണാടക പോലീസിന്റെ സഹായം തേടിയിരുന്നു.
തുടർന്ന് കർണാടക പോലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ ഒരു ചെക്ക് പോസ്റ്റിൽ നിന്നും കണ്ടെത്തി. പിന്നാലെ കർണാടക ഹാസനിൽ നിന്ന് സംഘത്തെ പിടികൂടുകയായിരുന്നു.
ആന്ധ്രാ സ്വദേശികളായ നാല് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ആന്ധ്രാ രജിസ്ട്രേഷനിലുള്ള വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടിലെ തർക്കത്തെ തുടർന്നാണ് ഹനീഫയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. പ്രതികളെയും യുവാവിനെയും രാത്രി തന്നെ കേരളത്തിലെത്തിക്കും.
Kerala
കാസർഗോഡ്: യുവാവിനെ പട്ടാപ്പകൽ കാറിൽ തട്ടിക്കൊണ്ടുപോയതായി പരാതി. ബുധനാഴ്ച ഉച്ചയോടെ ഉഡുപ്പി ഹോട്ടലിന് സമീപത്താണ് സംഭവം.
ആന്ധ്ര രജിസ്ട്രേഷൻ കാറാണ് പ്രതികൾ ഉപയോഗിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാലുപേരാണ് കാറിലുണ്ടായിരുന്നതെന്നും AP40EU1277 നമ്പർ വാഹനത്തിലാണ് സംഘമെത്തിയതെന്നും ദൃസാക്ഷികൾ പറയുന്നു.
സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മംഗളൂരുവിലേക്ക് ഉൾപ്പെടെ പ്രതികൾ കടക്കാനുള്ള സാധ്യത പരിഗണിച്ച് കർണാടക പോലീസുമായി സഹകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Kerala
കാസർഗോഡ്: കള്ളാറിൽ ജനവാസകേന്ദ്രത്തിൽ പുലിയുടെ ജഡം കണ്ടെത്തി. ബളാൽ റോഡിൽ പുഞ്ചക്കര കോട്ടക്കുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ജഡം കണ്ടെത്തിയത്. രണ്ടാഴ്ചയോളം പഴക്കമുള്ളതായാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
വെറ്ററിനറി ഡോക്ടറെ സ്ഥലത്തെത്തിച്ച് പോസ്റ്റുമോർട്ടം നടത്താനാണു തീരുമാനം. വനമേഖലയിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് ഈ പ്രദേശം.
ഏതാനും നാളുകളായി ജില്ലയിൽ പലയിടങ്ങളിലും ജനവാസമേഖലകളിൽ പുലികളെ കാണുന്ന സംഭവങ്ങളുണ്ടായിരുന്നു.
Kerala
കാസർഗോഡ് : തദ്ദേശതെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം പുരോഗമിക്കുന്നതിനിടെ എല്ഡിഎഫ് സ്ഥാനാർഥിയുടെ വീടിന് സമീപം നാടൻ ബോംബ് കണ്ടെത്തി. കുബഡാജെ ജില്ലാ പഞ്ചായത്ത് എല്ഡിഎഫ് സ്ഥാനാർഥി കെ. പ്രകാശിന്റെ വീടിന് സമീപമാണ് നാല് നാടൻ ബോംബുകൾ കണ്ടത്.
നായ കടിച്ച് ഒരു ബോംബ് പൊട്ടിയതോടെയാണ് വീടിനു സമീപത്ത് ബോംബുള്ള കാര്യം പുറത്തറിഞ്ഞത്. തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ ശ്രമം നടത്തുകയാണെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചു.
ബോംബ് കണ്ടെത്തിയ സംഭവത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കാസർഗോഡ്: യുവതിയെ പീഡിപ്പിച്ചകേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പിടിയിലായെന്ന് സൂചന. ഹൊസ്ദുർഗ് കോടതിയിൽ രാഹുലിനെ ഹാജരാക്കുമെന്ന വാർത്ത പരന്നതോടെ കോടതി പരിസരത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
ഡിവൈഎസ്പി ഉൾപ്പടെയുള്ളവരും സ്ഥലത്ത് ക്യാമ്പുചെയ്യുകയാണ്. കർണാടകയിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ സുള്ള്യയിലേക്ക് എത്തിയെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ രാഹുൽ പിടിയിലായോ എന്ന കാര്യത്തിൽ പോലീസ് വ്യക്തത വരുത്തിയിട്ടില്ല.
കോടതിക്ക് മുന്നിൽ പ്രതിഷേധം നടത്തുന്നതിനായി ബിജെപി, ഡിവൈഎഫ്ഐ പ്രവർത്തകരടക്കം രംഗത്തെത്തിയിട്ടുണ്ട്. കോടതിയിലേക്കുള്ള ഗേറ്റ് പോലീസ് അടച്ചിട്ടിരിക്കുകയാണ്. എസ്ഐടി കസ്റ്റഡിയിലെടുത്ത രാഹുലിന്റെ ഡ്രൈവർ ഉൾപ്പടെയുള്ളവരെ എസ്ഐടി ചോദ്യം ചെയ്യുകയാണ്.
Kerala
കാസർഗോഡ്: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചിറ്റാരിക്കൽ കാറ്റാം കവലയിലുണ്ടായ അപകടത്തിൽ മൈസൂർ ചിഞ്ചിലക്കട്ടെ സ്വദേശി ഹരീഷ് (36) ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്.
കർണാടക സ്വദേശികളായ ആറു കുട്ടികൾ ഉൾപ്പെടെ 49 പേരാണ് ബസിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ ചെറുപുഴയിലെയും പയ്യന്നൂരിലെയും ആശുപത്രികളിലേക്ക് മാറ്റി.
ശബരിമല ദർശനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു സംഘം. നിയന്ത്രണം വിട്ട ബസ് 30 അടി താഴ്ചയിലേയ്ക്കു മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
കാസർഗോഡ്: ഹനാൻ ഷായുടെ സംഗീതപരിപാടിയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഇരുപതുപേർക്ക് പരിക്ക്. കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തുള്ള മൈതാനത്ത് നടത്തിയ പരിപാടിക്കിടെയാണ് അപകടമുണ്ടായത്.
പരിപാടി ആരംഭിക്കുന്നതിന് മുൻപേ ആളുകൾ തടിച്ചുകൂടിയിരുന്നു. ഇതും തിക്കും തിരക്കും ഉണ്ടാകാൻ കാരണമായി. ഇതിനിടെ ചിലർ തളർന്നു വീണതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. ഇതിനിടെ ചിലർക്ക് വീണും പരിക്കേറ്റു.
ഉൾക്കൊള്ളാവുന്നതിലുമേറെ ആളുകൾ പരിപാടിക്ക് എത്തിയതാണ് അപകടകാരണമെന്ന് അധികൃതർ പറഞ്ഞു. തിരക്ക് നിയന്ത്രണാതീതമായതോടെ സംഗീത പരിപാടി അവസാനിപ്പിക്കാൻ പോലീസ് നിർദേശം നൽകി.
അപകടത്തില്പ്പെട്ടവരുടെ നില ഗുരുതരമല്ലെന്നും സ്ഥിതിഗതികള് നിയന്ത്രണ വിധേയമാണെന്നും പോലീസ് പറഞ്ഞു. അപകട വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ബി.വി.വിജയ്ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
Kerala
കൊല്ലം: വന്ദേഭാരത് ട്രെയിനിന് നേരേ കല്ലെറിഞ്ഞ കേസിൽ ഒരാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ചിന് ചിന്നക്കട റെയിൽവേ ഓവർബ്രിഡ്ജിനു സമീപത്തുവച്ചുണ്ടായ സംഭവത്തിൽ പ്രാക്കുളം പണ്ടാരഴികത്ത് സുനിൽ (38) നെയാണ് അറസ്റ്റ് ചെയ്തത്.
കല്ലേറിൽ കാസർഗോഡ് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ സി ഒന്ന് കോച്ചിന്റെ ചില്ലുപൊട്ടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുനിലിനെ കസ്റ്റഡിയിലെടുത്തത്.
പ്രതി കുറ്റം സമ്മതിച്ചെന്ന് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കാസര്ഗോഡ്: സ്കൂട്ടര് നിയന്ത്രണം വിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്ഥിനി മരിച്ചു. കുമ്പള ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ് - റംസീന ദമ്പതികളുടെ മകള് റിസ്വാന (15) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം. റിസ്വാനയും കൂട്ടുകാരിയും ചേര്ന്ന് സ്കൂട്ടറില് ട്യൂഷന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സ്കൂട്ടര് നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കില് ജീവന് രക്ഷിക്കാനായില്ല.
NRI
റോം: കാസർഗോഡ് ഒടയാച്ചാൽ സ്വദേശി ബിജു എബ്രഹാം(53) റോമിൽ അന്തരിച്ചു. രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ സെൻട്രൽ കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ റൂബി (റോം). രണ്ട് മക്കളുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ അലിക് ഇറ്റലി, രക്തപുഷ്പങ്ങൾ ഇറ്റലി എന്നീ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
District News
കാസർഗോഡ്-മംഗലാപുരം റെയിൽവേ പാതയിൽ കൂടുതൽ പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി റെയിൽവേ അധികൃതർക്ക് നിവേദനം നൽകി. യാത്രാ ക്ലേശം രൂക്ഷമായ ഈ റൂട്ടിൽ പുതിയ സർവീസുകൾ അനിവാര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, വ്യാപാരികൾ എന്നിവരടക്കം നിരവധി പേർ ഈ പാതയെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്.
നിലവിലുള്ള ട്രെയിനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ദിവസേന യാത്ര ചെയ്യുന്നവരെ സാരമായി ബാധിക്കുന്നുണ്ട്. തിരക്ക് കാരണം പലർക്കും സമയത്തിന് ജോലി സ്ഥലങ്ങളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ എത്താൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ അധിക സർവീസുകൾ അനിവാര്യമാണ്.
റെയിൽവേ വികസനത്തിന് കാസർഗോഡിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലൂടെ യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാനും മേഖലയുടെ വികസനം വേഗത്തിലാക്കാനും സാധിക്കുമെന്നും സമിതി അഭിപ്രായപ്പെട്ടു. റെയിൽവേ മന്ത്രിക്ക് ഉൾപ്പെടെ നിവേദനം അയച്ചിട്ടുണ്ട്.
District News
പ്രസിദ്ധമായ ബേക്കൽ കോട്ടയിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചുവരികയാണ്. സ്കൂൾ അവധിക്കാലം ആരംഭിച്ചതോടെ ഇതര ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകളാണ് ബേക്കൽ കോട്ടയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. കോട്ടയുടെ മനോഹാരിതയും അറബിക്കടലിന്റെ വിശാലമായ കാഴ്ചകളും സഞ്ചാരികളെ ആകർഷിക്കുന്നു.
കോട്ടയോടനുബന്ധിച്ചുള്ള ബീച്ചുകളിലും പാർക്കുകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. അധികൃതർ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. ബേക്കൽ ടൂറിസം വികസനത്തിന് ഈ വർധിച്ചുവരുന്ന തിരക്ക് വലിയ മുതൽക്കൂട്ടാണ്.
കാസർഗോഡിന്റെ ടൂറിസം ഭൂപടത്തിൽ ബേക്കൽ കോട്ടയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. കോട്ടയുടെ ചരിത്രപരമായ പ്രാധാന്യം ഉൾക്കൊണ്ട് കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് ടൂറിസം മേഖലയിലുള്ളവരുടെ ആവശ്യം. ഇത് ജില്ലയുടെ സാമ്പത്തിക ഉന്നമനത്തിനും സഹായകമാകും.
District News
കാസർഗോഡ് നഗരത്തിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാവുകയാണ്. രാവിലെയും വൈകുന്നേരവും പ്രധാന റോഡുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബസുകൾ, സ്വകാര്യവാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയെല്ലാം ഒരേസമയം റോഡിലിറങ്ങുമ്പോൾ മണിക്കൂറുകളോളം കാത്തുകിടക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്.
പ്രധാന ജംഗ്ഷനുകളിലെ സിഗ്നൽ സംവിധാനങ്ങളുടെ അപര്യാപ്തതയും റോഡിന്റെ വീതിക്കുറവുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്കൂൾ സമയങ്ങളിൽ ഇത് കൂടുതൽ വഷളാവുന്നു. കാൽനടയാത്രക്കാർക്കും ദുരിതമാണ്. പുതിയ ബൈപ്പാസ് റോഡുകൾ നിർമ്മിക്കുകയും നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണാൻ സാധിക്കൂ.
ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ പരാതിയുണ്ട്. ഗതാഗതക്കുരുക്ക് കാരണം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തി പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.